Monday, July 2, 2007

വൈപ്പിന്‍ കരയ്ക്ക്‌ വയസ്സ്‌ 666 !!!


വൈപ്പിന്‍ കരയ്ക്ക്‌ വയസ്സ്‌ 666 !!!
A tribute to birth place

ഞങ്ങള്‍ വൈപ്പിന്‍ കരക്കാര്‍ക്ക്‌ അത്രവലിയ പാരമ്പര്യമില്ലെന്നാണൊ നിങ്ങള്‍ കരുതിയത്‌? എന്തിനും സമരം ചെയ്യുന്ന... വൈക്കത്ത്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ വൈപ്പിനില്‍ നടപ്പാക്കുന്നത്ര സമര വീര്യമുള്ള, ഈ ജനതയുടെ മണ്ണിനേപ്പറ്റി ഒരല്‍പ്പം....ഞാനൊരു ചരിത്രകാരനല്ല.... അന്വേഷകനല്ല..... പക്ഷെ.... എനിക്കെന്റെ നാടിനെപ്പറ്റി എഴുതണം എന്നു തോന്നി...ആധുനിക കാലത്ത്‌ ചരിത്രത്തെപ്പറ്റി എഴുതുന്നവര്‍ ആരും ആ ചരിത്രകാലത്ത്‌ ജീവിച്ചവരല്ലല്ലൊ. ഞാനുമതെ... ആധുനിക ചരിത്രകാരന്‍മാര്‍ സങ്കല്‍പ്പിച്ചെടുത്തത്‌...നിരീക്ഷിച്ചെടുത്തത്‌...ഞാന്‍ എപ്പോഴെല്ലാമോ വായിച്ചത്‌... അതെല്ലാം ഇതിനകത്ത്‌ കടന്ന്‌ വന്നിട്ടുണ്ടാകാം.. അതിനാല്‍... എല്ലാവരോടും നന്ദി....

വൈപ്പിന്‍ കര..... ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്‌....1341ല്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തോടെയാണ്‌ വൈപ്പിന്‍ കര രൂപമെടുക്കുന്നത്‌. പക്ഷേ അതോടെ ചരിത്രപ്രസിദ്ധമായ മുസിരിസ്‌ തുറമുഖം നാമാവശേഷമാവുകയായിരുന്നു. കൊടുങ്ങല്ലൂറ്‍ അഴിയുടെ ആഴം കുറഞ്ഞു. ചെറിയൊരു അഴിമുഖമായിരുന്ന കൊച്ചിയില്‍ കായലുകള്‍ രൂപമെടുത്തു. ഇതോടെ കടലിലേക്കു പതിക്കുന്ന പെരിയാറിന്റെ കൈവഴിയായ വീരന്‍ പുഴയുടെ എക്കല്‍ മണ്ണ്‌ അടിഞ്ഞു കൂടി 'വെയ്പ്പുകര'യായ വൈപ്പിന്‍ കര ജന്‍മമെടുത്തു. ഈ ഓര്‍മ്മ പുതുക്കാനായിട്ടായിരിക്കണം, 1341ല്‍ ആരംഭിച്ച 'പുതുവൈപ്പ്‌ വര്‍ഷം' എന്ന പേരിലുള്ള ഒരു കലണ്ടര്‍ പണ്ടുകാലത്ത്‌ ജനങ്ങള്‍ പിന്തുടര്‍ന്നിരുന്നു. വെച്ചു കിട്ടിയ കര കടല്‍ തന്നെ എടുക്കുമെന്ന ഒരു വിശ്വാസം തദ്ദേശവാസികളായ എല്ലാവരുടെയും മനസ്സില്‍ ഇപ്പൊഴും നില നില്‍ക്കുന്നുണ്ടെന്നുള്ളത്‌ ഒരു യാഥാര്‍ത്ഥ്യം തന്നെ. ഓരോ വര്‍ഷക്കാലത്തും തീരപ്രദേശങ്ങളില്‍ നിന്നും ശക്തമായ രീതിയില്‍ മണ്ണ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത്‌ ഈ വിശ്വാസത്തിന്‌ ആക്കം കൂടുന്നു. പുതുതായി മണ്ണ്‌ വെച്ച്‌ കിട്ടിയ പുതുവൈപ്പ്‌ ബീച്ചിണ്റ്റേയും ചെറായി ബീച്ചിണ്റ്റേയും ഇന്നത്തെ അവസ്ഥ മികച്ച ഉദാഹരണം തന്നെ...

1875ല്‍ തുറമുഖത്തിന്‌ വടക്കുള്ള ക്രൂസ്‌ കൊട്ടാരത്തിന്‌ സമീപത്തുള്ള പ്രദേശത്തിലൂടെ കടല്‍ തള്ളിക്കയറി. അക്കാലത്ത്‌, കൊച്ചി തുറമുഖ ശില്‍പ്പിയായ റോബെര്‍ട്ട്‌ ബ്രിസ്റ്റൊ മണ്ണ്‌ കൊണ്ടുള്ള കിടങ്ങുകള്‍ നിര്‍മ്മിച്ച്‌ മണ്ണിടിച്ചിലിന്‌ താല്‍ക്കാലിക ശമനം വരുത്തി.1503ല്‍ സാമൂതിരിയും കൊച്ചി രാജാവുമായി യുദ്ധമുണ്ടായി. ഈ യുദ്ധത്തില്‍ പരിക്കേറ്റ കൊച്ചി രാജാവ്‌ എളങ്ങുന്നപ്പുഴ ക്ഷേത്രത്തിലാണ്‌ ശരണം പ്രാപിച്ചത്‌. പോര്‍ട്ടുഗീസുകാര്‍ അന്ന്‌ അദ്ദേഹത്തെ സഹായിച്ചു. പ്രത്യുപകാരമെന്ന നിലയില്‍ സ്വന്തമായി ഒരു കോട്ട കെട്ടുന്നതിന്‌ അദ്ദേഹം പോര്‍ട്ടുഗീസുകാരെ അനുവദിച്ചു. മതപഠനമായിരുന്നു കോട്ടനിര്‍മ്മാണതിന്റെ പ്രധാന ഉദ്ദേശം. 1662ല്‍ ഡച്ചുകാര്‍ ഈ കോട്ട പിടിച്ചെടുത്തു. ഇപ്പറഞ്ഞ ചരിത്രവസ്തുത വൈപ്പിന്‍ കരയുടെ ചരിത്രപരമായ പ്രാധാന്യം വെളിവാക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഞാറക്കലെ റോമന്‍-സിറിയന്‍ പള്ളി, പള്ളിപ്പുറത്തെ ടിപ്പു സുല്‍ത്താന്റെ വട്ടക്കോട്ട, കേരളത്തിലുള്ള ഒരേയൊരു സെണ്റ്റ്‌ അംബ്രോസ്‌ പള്ളി, എന്നു തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങള്‍ വൈപ്പിന്‍ കരയിലുണ്ട്‌.

കൃസ്ത്യന്‍ - ഹിന്ദു - മുസ്ളീം ജനവിഭാഗങ്ങള്‍ ഐക്യത്തോടെ ഇവിടെ വസിച്ചു പോരുന്നു. ഇരുപത്തഞ്ച്‌ കിലോമീറ്റര്‍ നീളവും ഏതാണ്ട്‌ ഒന്നര കിലോമീറ്റര്‍ വീതിയും (എല്ലായിടത്തും അത്രയും ഇല്ല.) നാല്‍പ്പത്‌ ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണവും ഉള്ള വൈപ്പിന്‍ കരയ്ക്ക്‌ 1960ന്‌ മുന്‍പ്‌ വരെ പുറം ലോകവുമായി ഇന്നത്തെപ്പോലെ അത്ര വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 1960സെപ്റ്റമ്പറില്‍ സ്ഥാപിച്ച ചെറായി പാലമാണ്‌ വടക്കന്‍ പറവൂറ്‍ വഴി ഈ നാടിനെ വന്‍കരയുമായി ബന്ധിപ്പിച്ചത്‌. 2004ല്‍ ഗോശ്രീ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മൂന്നു പാലങ്ങള്‍ വന്നതോടെ ഇന്ന്‌ വൈപ്പിന്‍ കരക്കും നഗര ബാന്ധവം കൈവന്നു. അക്ഷരാര്‍ത്ഥത്തില്‍ തിരക്കു പിടിച്ച ഒരു ജനതയായി വൈപ്പിന്‍ കരയിലേത്‌.

കൃഷിയും മത്സ്യബന്ധനവുമാണ്‌ പ്രധാന ജീവിതമാര്‍ഗ്ഗം. നെല്ലും തെങ്ങും ആണ്‌ പ്രധാന കൃഷി. പാടങ്ങളില്‍ നെല്ല്‌ വിതക്കാതെ ചെമ്മീന്‍ കൃഷിക്ക്‌ ഉപയോഗിക്കുന്നതാണ്‌ പുതിയ ട്രെണ്റ്റ്‌. കേവലം ഒരു മുണ്ട്‌ വിരിച്ചിട്ടാലുണ്ടാകാവുന്ന നീളം മാത്രമുള്ള റോഡിലൂടെ ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പായുന്ന കാഴ്ച്ച ആരെയും അത്ഭുതപ്പെടുത്തുമെന്നതില്‍ സംശയമില്ല. അത്‌ കൊണ്ട്‌ തന്നെ വൈപ്പിനിലെ ഡ്രൈവര്‍മാര്‍ എവിടെയും വാഹനമോടിക്കാനുള്ള പ്രാവീണ്യവും ചങ്കുറപ്പും ഉള്ളവരാണെന്ന്‌ ഞങ്ങള്‍ പരസ്പരം പറയാറുണ്ട്‌. പക്ഷെ,ബസ്സുകളുടെ മത്സരയോട്ടം ഇന്നും ഇവിടെയൊരു ശാപം തന്നെയാണ്‌.ആറ്‌ പഞ്ചായത്തുകളാണ്‌ ദ്വീപിലുള്ളത്‌. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്‌, നായരമ്പലം, ഞാറക്കല്‍, എളങ്ങുന്നപ്പുഴ എന്നിവയാണ്‌ അവ.

Apr 7 പ്രധാന സ്ഥലങ്ങള്‍ :മുനമ്പം, പള്ളിപ്പുറം, കൊവിലകത്തുംകടവ്‌, ചെറായി, അയ്യമ്പിള്ളി, കുഴുപ്പിള്ളി, പഴങ്ങാട്‌, എടവനക്കാട്‌, അണിയല്‍, നായരമ്പലം, വെളിയത്താം പറമ്പ്‌, മാനാട്ടുപറമ്പ്‌, ഞാറക്കല്‍, മാലിപ്പുറം, എളങ്ങുന്നപ്പുഴ, ഓച്ചന്തുരുത്ത്‌, വളപ്പ്‌, തെക്കന്‍ മാലിപ്പുറം, പുതുവൈപ്പ്‌, അഴീക്കല്‍

Yanked from hari@orkut
© Kochu@yankandpaste®

3 comments:

ബിരിയാണിക്കുട്ടി said...

ഇഷ്ടപ്പെട്ടു ഈ സ്ഥലപുരാണം. :)

ഫോര്‍ട്ട് കൊച്ചീന്ന് കൊടുങ്ങല്ലൂര്‍ക്ക് വൈപ്പിന്‍ വഴി ഇഷ്ടം പോലെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഈ മെലിഞ്ഞുനീണ്ട ദ്വീപിന്റെ വിശേഷങ്ങളൊന്നും അറിയില്ലായിരുന്നു.

Dandy said...

Thanks for sharing the history of Vypin. Some photos of Vypin would have made the post better.

ഞാന്‍ said...

ഞാനും ഒരു പാതി വൈപ്പിന്‍കരക്കാരന്‍ തന്നെയാണെ.... അമ്മവീട് അവിടെ എടവനക്കാടാണ്..... (പക്ഷെ ഇപ്പൊ പക്ക കൊല്ലംകാരനാ....;) )

നല്ല പോസ്റ്റ്.....